Showing posts with label പുസ്തക നിരൂപണം. Show all posts
Showing posts with label പുസ്തക നിരൂപണം. Show all posts
Wednesday, 26 May 2010
എന്മകജെ - വിഷമഴയുടെ നാട്ടില്‍
1945 ഓഗസ്റ്റ് ആറിനു ലിറ്റില്‍ ബോയ് എന്ന അണുബോംബ് ജപ്പാനിലെ ഹിരോഷിമയിലെ ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷനേരംകൊണ്ട് നീരാവിയാക്കി. ആ അസുരവിത്തിന്റെ ദുരിത ഫലങ്ങള്‍ ഇന്നും അവിടുത്തെ സാധുജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും ഇത്തരമോരവസ്ഥ ഉണ്ടായി. നന്മയുടെ പ്രതിരൂപമായ മലയാളികളുടെ 'ലീലാവിലാസങ്ങള്‍!!'. കാസര്‍ഗോഡിലെ സ്വര്‍ഗ്ഗ,എന്മകജെ തുടങ്ങിയ ഉള്‍പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന കശുവണ്ടിത്തോട്ടങ്ങളുടെ ഉത്പാദന വര്‍ദ്ധനവിനായി എ൯ഡോസൾഫാ൯ എന്ന മാരകവിഷമായ കീടനാശിനി വര്‍ഷിച്ചു.
അണുബോംബിന്റെ പ്രതിപുരുഷനെപ്പോലെയാണ് എ൯ഡോസൾഫാ൯ എന്ന വിഷമഴ ഇവിടങ്ങളില്‍ ദുരിതം വിതച്ചത്. ഇന്നും ആ വിഷമഴയുടെ ദുരിദത്തിന്റെ കുന്നു കയറുകയാണ് അവിടങ്ങളിലെ സാധു ജനങ്ങള്‍. തല മാത്രം വളര്‍ന്നവര്‍,ദേഹം മുഴുവന്‍ പുണ്ണ് പേറി നടക്കുന്നവര്‍,അന്ധര്‍,മൂകര്‍,ബധിരര്‍,മാനസിക വൈകല്യങ്ങള്‍ പിടിപെട്ടവര്‍ ഇന്നും കേരളത്തിന്റെ ഇളയ പുത്രനായ കാസര്‍ഗോടിന്റെ മുഖം വികൃതമാക്കുന്നു. തീരാ വേദനകള്‍ തിന്നു നരകിച്ചു പുഴുക്കുന്ന,കണ്ണീര്‍കയത്തില്‍ മുങ്ങി കണ്ണുനീരിന്റെ ഉപ്പു രസം മാത്രം രുചിച്ച
ഇവരുടെ കദനകഥ വിവരിക്കുകയാണ് അംബികാസുതന്‍ മങ്ങാട് 'എന്മകജെ' എന്ന പുസ്തകത്തില്‍ ചെയ്യുന്നത്. മനുഷ്യന്റെ ക്രൂരമായ കടന്നുകയറ്റങ്ങള്‍ മൂലം നിലവിളിക്കുന്നവരെ ചിത്രീകരിക്കുകയാണ് എന്മകജെ എന്ന ഈ കൃതി.
ഹനുമാന്‍ ഹൃദയം പിളര്‍ന്നു ശ്രീരാമനെയും സീതയേയും കാട്ടിയ പോലെ, കാസര്‍ഗോഡിന്റെ ആത്മാവിന്റെ വ്രണമായഎ൯ഡോസൾഫാ൯ ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുകയാണ് ഈ കൃതി. കഥപാത്രങ്ങളുടെ പേരോ ഊരോ വെളിപ്പെടുത്താതെ ആദ്യമേ കഥയിലേക്ക് കടക്കുകയാണ് കഥാകൃത്ത്. ഒരു കുന്നിന്റെ മുകളില്‍ മനുഷ്യ കുലത്തെ വെറുത്ത് കഴിയുന്ന പുരുഷനിലും സ്ത്രീയിലും ഈ ദുരന്ത കഥ തുടങ്ങുന്നു.
ചതിയും വഞ്ചനയും നിറഞ്ഞ ഇരുണ്ട മനുഷ്യകുലത്തില്‍ നിന്നും ഒളിച്ചോടിയവരാണ് ഇരുവരും. എന്നാല്‍ ഒരു ദിവസം സ്ത്രീ ഒരു കുഞ്ഞിനേയും എടുത്തുകൊണ്ടു വരുന്നു. ഇരുളടഞ്ഞ മനുഷ്യന്റെ മനസ്സിലേക്ക് ഒരു നുറുങ്ങു വെട്ടവുമായി ആ കുഞ്ഞ് കടന്നു വരുകയാണ്. എന്നാലാദ്യം പുരുഷന്‍ കുഞ്ഞിനെ നികൃഷ്ടജീവിയായിക്കണ്ട് സ്ത്രീയുമായി തെറ്റിപ്പിരിയുകയും പിന്നീട് തിരിച്ചു വരികയും ചെയ്യുന്നു. എന്നാല്‍ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടതോടെ അതുവരെ മനസ്സിന്റെ ഏതോ മൂലയില്‍ ഒളിഞ്ഞിരുന്ന പുരുഷന്റെ സഹതാപം പുറത്തു ചാടുന്നു. അതിനു കാരണം ചിരിക്കാത്ത ആ കുഞ്ഞിനു തൊണ്ട കീറിയിട്ടുണ്ടായിരുന്നില്ല,മുടി നരച്ചിരുന്നു,ദേഹമാകട്ടെ കാണാന്‍ അറപ്പുളവാക്കുന്ന പുണ്ണുകളും. തുടര്‍ന്ന് കുഞ്ഞിനെ പഞ്ചി എന്ന ആദിവാസി മൂപ്പന്‍ ചികിത്സിക്കുന്നു. ആ വൃദ്ധന്റെ വാക്കുകളില്‍ നിന്നാണ് അതൊരു സാധാരണ കുഞ്ഞല്ലെന്നും എഴുവയസ്സു പ്രായമുള്ള കുട്ടിയാണെന്നും അസുഖം പനച്ചിയുടെ പരിധില്‍ നില്‍ക്കുന്നതല്ലെന്നും ഇരുവരും അറിയുന്നത്. അത് എന്‍ഡോസള്‍ഫാന്റെ പരിണത ഫലമാണെന്നൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ആ നിഷ്കളങ്കനായ മനുഷ്യന്‍ നല്‍കിയ വാഖ്യാനം ഇങ്ങനെ " ഇത് ബാലീന്ദ്ര കാളിയുടെ ശാപം. ഇങ്ങനത്തോര് ഈട പാടുണ്ട്. " വീണ്ടും കുഞ്ഞിനോട് വെറുപ്പ് തോന്നിയ പുരുഷന്‍ വീട്ടില്‍ നിന്ന് പോവുകയും സംസാരിക്കുന്ന ഗുഹക്കുള്ളില്‍ കടക്കുകയും ചെയ്യുന്നു. അവരുടെ ഓര്‍മ്മച്ചെപ്പു തുറക്കാനായി ഒരു വഴിയൊരുങ്ങുകയായിരുന്നു. താന്‍ നീലകണ്ഠനാണെന്ന് പുരുഷന്‍ ഗുഹയോടും ദേവയാനിയാണ് താന്‍ എന്ന് സ്ത്രീ കണ്ണാടിയോടും വെളിപ്പെടുത്തുന്നു.
സ്വന്തം ഭര്‍ത്താവിനാല്‍ ചതിക്കപ്പെട്ടു വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞവളാണ് ദേവയാനി. എന്നാല്‍ സ്വന്തം ജീവന്‍ പോലും ത്യജിച്ചു സമൂഹത്തിന്റെ താഴെ കിടയിലുള്ളവരെ, കുഷ്ഠ രോഗികളെ, വേശ്യകളെ ചികിത്സിച്ചു അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുത്ത് നന്മയുടെ കാവലാളായി ജീവിച്ചയാളാണ് നീലകണ്ഠന്‍.എന്നാല്‍ ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് ക്രൂരമായി മര്‍ദ്ധിക്കപ്പെടുന്ന അയാള്‍ മനുഷ്യലോകത്തെ വെറുക്കുകയും ദേവയാനിയോട് ഗര്‍ഭപാത്രമുപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പിന്നെ ഇരുവരും കാട്ടില്‍ പോയി സന്ന്യാസികളായി മാറുന്നു.
തുടര്‍ന്ന് ദേവയാനി പിണങ്ങിപ്പോയ നീലകണ്ഠനെ വിളിച്ചു കൊണ്ട് വരികയും അയാള്‍ കുഞ്ഞിനെ സ്നേഹിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഒരിക്കല്‍ നീലകണ്ഠന്‍ പഞ്ചിയോടൊപ്പം കൊടാങ്കിരി കുന്നിന്റെ മുകളിലേക്ക് പോയി. അവിടെ വെച്ച് പല ഐതിഹ്യ കഥകളും പറയുന്നതിനിടയില്‍ സ്വര്‍ഗതുല്യമായ 'സ്വര്‍ഗയില്‍' സംഭവിച്ച നരകതുല്യമായ പല പരിവര്‍ത്തനങ്ങളെക്കുറിച്ചും പനച്ചി പറയുകയുണ്ടായി. അങ്ങനെ പഞ്ചിയോടൊപ്പം പല വീടുകളിലും കയറിയിറങ്ങുന്ന നീലകണ്ഠന്റെ മനസ്സ് വല്ലാതെ ഉലയുകയും ഈ ദുരിതങ്ങളുടെ മൂലകാരണം കണ്ടു പിടിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പുതിയ തലമുറയുടെ ചീഞ്ഞപുണ്ണുകള്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ക്കുമോപ്പം ജീര്‍ണിച്ച അന്ധവിശ്വാസങ്ങളും സത്യസന്ധതയുടെ പ്രതിബിംബമായ ആ പച്ചമനുഷ്യരില്‍ ദൃശ്യമായിരുന്നു. ഒരിക്കല്‍ നീലകണ്ഠനും ദേവയാനിയും കുഞ്ഞിനേയും കൂട്ടി ആ ഓണംകേറാമൂലയിലെ ഏക ഡോക്ടര്‍ആയ അരുണിന്റടുത്തു പോകുന്നു. അവിടെയും അവര്‍ വിചിത്രരോഗം ബാധിച്ച വാനരതുല്യനായ ഒരു ശിശുവിനെ കാണുന്നു. ഇതുപോലെ വിചിത്ര രോഗം ബാധിച്ച ഒരുപാടുപേര്‍ അവിടുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ ഈ ദുരന്തം ഏതോ ഒരു വിഷം മൂലമാണ് ഉണ്ടാകുന്നത് എന്നാണ്. സ്വര്‍ഗത്തെ നരകതുല്യമാക്കാന്‍ പ്രാപ്തിയുള്ള ഒരു വിഷം. ആ പ്രദേശത്തെ തേനീച്ച കര്‍ഷകരുടെ മുഴുവന്‍ തേനീച്ചയും ചത്തുപോകുന്നു. തുടര്‍ന്ന് അവിടത്തെ ജനങ്ങള്‍ മധുരത്തെ കയ്പാക്കി മാറ്റിയ, സ്വര്‍ഗത്തെ നരകമാക്കി മാറ്റിയ ആ വിഷത്തെ കണ്ടു പിടിക്കാന്‍ ഒരു മീറ്റിംഗ് കൂടുന്നു. അതില്‍ ഒരംഗമായി നീലകണ്ഠനും ഉണ്ടായിരുന്നു. അതില്‍ അവര്‍ എ൯ഡോസൾഫാ൯ എന്ന മാരകവിഷത്തെ കണ്ടുപിടിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിന്റെ അതിശക്തമായ കാറ്റ് സ്വര്‍ഗയിലും എന്മകജെയിലും ആഞ്ഞടിക്കുന്നു. ഇതിനോടനുബന്ധിച്ച് അവര്‍ ഒരു നേതാവിനെ കാണുന്നു. എന്നാല്‍ നിഷ്കളങ്കരായ ആ ജനങ്ങളുടെ സത്യസന്ധതയെ അധികാരികള്‍ ചൂഷണം ചെയ്യുകയാണെന്ന് മനസ്സിലായി. തുടര്‍ന്ന് നീലകണ്ഠന്റെ നേതൃത്വത്തില്‍ കശുമാവിന്‍ തോട്ടങ്ങളിലേക്ക് ജനങ്ങള്‍ പോവുകയും കാളകൂട വിഷം പെയ്യിക്കുന്ന ഹെലിക്കോപ്ടർ കത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ആയിടക്കു ദേവയാനിക്കും നീലകണ്ഠനും ലഭിച്ച പരീക്ഷിത്ത് എന്ന കുഞ്ഞു മരിക്കുന്നു. അവര്‍ എ൯ഡോസൾഫാന്റെ പുതിയ രക്തസാക്ഷിയുടെ ജഡം പേറി കശുമാവിന്‍ തോട്ടങ്ങളിലേക്ക് പോയി രൂക്ഷമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നു. ഈയിടക്കാണ് എ൯ഡോസൾഫാനെതിരെ ശക്തമായി പോരാടുന്ന ജയചന്ദ്രന്‍ എന്ന യുവാവ് രംഗപ്രവേശനം ചെയ്യുന്നത്. ജയചന്ദ്രന്‍ നീലകണ്ഠനെ എ൯ഡോസൾഫാനെതിരെ സമരം ചെയ്യുന്ന ലീലാകുമാരി എന്ന അധ്യാപികയുടെ അടുത്ത് കൊണ്ട് പോകുന്നു. എ൯ഡോസൾഫാനെതിരെ ശക്തമായി പോരാടുന്ന ജയചന്ദ്രനെയും നീലകണ്ഠനെയും നേതാവ് തല്ലി ചതയ്ക്കുകയും ജയചന്ദ്രനെ കൊല്ലുകയും ചെയ്യുന്നു. നീതിക്കുവേണ്ടി പോരടിയതിനു അധികാരികള്‍ കൊടുത്ത ശിക്ഷ!തുടര്‍ന്ന് നീലകണ്ഠനെയും ദേവയാനിയും നേതാവ് പലരീതിയിലും പീഡിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ ഉന്നത പദവിയിലിരുന്നു സഹോദരങ്ങളെ കൊന്നൊടുക്കിയ നേതാവ് സര്‍പവിഷം തീണ്ടി മരിക്കുന്നു. ദേവയാനിയും നീലകണ്ഠനും ഒടുവില്‍ സംസാരിക്കുന്ന ഗുഹയ്ക്കുള്ളില്‍ അഭയം പ്രാപിക്കുന്നു.
അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ക്കായി തെരുവ് നായകളെ പോലെ കടിപിടി കൂടുന്ന, ഇന്നും ഉന്നത പദവിയിലിരിക്കുന്ന അധികാരികള്‍ക്കെതിരെ രോഷം കൊള്ളുകയാണ് അംബികാസുതന്‍ മങ്ങാട് 'എന്മകജെ' എന്ന തന്റെ പുതിയ നോവലില്‍ ചെയ്യുന്നത്. പച്ചനോട്ടുകള്‍ക്കുവേണ്ടി സഹോദരങ്ങളെ വിഷം കൊടുത്തു കൊല്ലുന്ന മാനവരുടെ പുതിയ മുഖത്തിനെതിരെ സമരം ചെയ്യുകയാണ് ഈ കൃതി. അധികാരത്തിനായി അനീതിയുടെ പടുകുഴികള്‍ ചാടികടക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളില്‍ നിമിഷം പ്രതി മരണപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിനു വെയ്ക്കുന്ന റീത്താണ് എന്മകജെ എന്ന ഈ പുസ്തകം. എ൯ഡോസൾഫാന്റെ പരിണിതഫലങ്ങളുടെ കയ്പുനീര്‍ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ നിലവിളിയാണ് ഈപുസ്തകത്തില്‍ മുഴങ്ങുന്നത്. ഹൃദയേഭദകമായ വേദനയോടെ ഈ കൃതി വായിക്കുമ്പോള്‍ മനസ്സിന്റെ ആഴത്തില്‍ അധികാരികളുടെ അനീതിക്കെതിരെ ഒരു ചെടി വളര്‍ന്നു വരുന്നത് സഹൃദയര്‍ക്ക് അനുഭവിക്കാം.
Saturday, 13 March 2010
മേഡം ക്യുറി: ശാസ്ത്രലോകത്തെ അത്ഭുത വനിത

ശാസ്ത്ര ലോകത്തെ ആകമാനം വിറപ്പിച്ച ആ അത്ഭുത വനിതാപ്രതിഭയെ കുറിച്ച് ശ്രീമതി സിന്ധു എസ് നായര്‍ രചിച്ച അതിമനോഹരമായ ഒരു പുസ്തകമാണ് മേഡം ക്യുറി. ഒരുനാള്‍ വിശപ്പ് സഹിക്കാതെ തളര്‍ന്നു വീണ മേഡം ക്യുറി,പിന്നീടൊരുനാള്‍ ശാസ്ത്ര ലോകത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു എന്നത് ഒരു പക്ഷെ ഏവര്‍ക്കും അവിശ്വസിനീയമായ കാര്യമായിരിക്കാം. ജീവിതത്തില്‍ കൊത്തിവെച്ച ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത കഠിന പ്രയത്നവും നിശ്ചയദാര്‍ഡ്യവും അവരെ ശാസ്ത്രത്തിന്റെ രക്ഷകയാക്കി.
അത്യുത്തമ നേട്ടത്തിന്റെയും, വിനയത്തിന്റെയും, മഹത്വത്തിന്റെയും മാതൃകയാണ് മേരി പിയറി ദമ്പതികള്‍. തളരാത്ത മനസ്സുമായി ചോര്‍ന്നൊലിച്ച "പരീക്ഷണ ശാലയില്‍" അവള്‍ അധ്വാനിക്കുമ്പോള്‍ പ്രിയതമക്ക് കൂട്ടായി ഉപദേശങ്ങളൊടെ പിയറി ക്യുറി എന്ന മഹാനായ ശാസ്ത്രജ്ഞനമുണ്ടായിരുന്നു. ഭാവി തലമുറയ്ക്ക് വേണ്ടി ജീവന്‍ തന്നെ ഹോമിച്ച ഒരു പ്രതിഭയായിരുന്നു മേരി ക്യുറി.പത്തൊന്‍പതാം നൂറ്റാണ്ടിലെ ശാസ്ത്രവികാസ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ കണ്ടുപിടിത്തമാണ് റേഡിയം.ഇതിനായി തന്റെ ജീവിതം മുഴുവന്‍ അര്‍പ്പിച്ച മേരിയുടെ അര്‍പ്പണ ബോധത്തിന്റെ ഫലമായാണ് റേഡിയം എന്ന അത്ഭുത മൂലകം പിറവിയെടുത്തത്.യൂറോപ്പ് ഭൂഖണ്ടത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ വനിത,നോബല്‍ സമ്മാനം നേടുന്ന പ്രഥമ വനിത,രണ്ടു പ്രാവശ്യം രണ്ടു വിഷയങ്ങള്‍ക്കായി നോബല്‍ സമ്മാനം നേടുന്ന പ്രഥമ വനിത,തുടങ്ങിയ അത്യപൂര്‍വമായ നേട്ടങ്ങള്‍ക്ക് ഉടമയായിരുന്നു റേഡിയത്തിന്റെയും പൊളൊനിയത്തിന്റെയും മാതാവ് .
1867 നവംബര്‍ 7 ന് പോളണ്ടിലെ കുലീനമായ ഒരു കുടുംബത്തിലാണ് മരിയ സ്ക്ലോടോവ്സ്കാ എന്ന മേരി ക്യുറി ജനിച്ചത്. പിതാവ് വ്ളാദിസ്ലാവ് സ്ക്ലോടോവ്സ്കാ. മാതാവ് ബ്രോണിസ്ല സ്ക്ലോടോവ്സ്കാ. ഏറ്റവും ഇളയതും അഞ്ചാമത്തെ കുട്ടിയുമായ മരിയയുടെ ജനനം മാഡം സ്ക്ലോടോവ്സ്കായുടെ ആരോഗ്യം പാടെ തകര്‍ത്തു.1876 ല്‍ വിഷജ്വരം ബാധിച്ച് മേരിയുടെ മൂത്ത സഹോദരി സോസിയ മരണമടഞ്ഞു. എന്നാല്‍ ഒരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ മായും മുമ്പേ മറ്റോന്ന് അവരെ തേടിയെത്തി. രണ്ടു വര്‍ഷം കഴിഞ്ഞ് 1878 ല്‍ ക്ഷയരോഗം മൂര്‍ചിച്ചു മാഡം സ്ക്ലോടോവ്സ്കയും മരണമടഞ്ഞു. രണ്ടു ദുരന്തങ്ങളും അവള്‍ക്കേല്പിച്ചത് നഷ്ടങ്ങളുടെ കനത്ത ആഘാതമായിരുന്നു. ബ്രോണിയ, ഹെലെന്‍, ജോസഫ്, മേരി, അച്ഛന്‍ വ്ളാദിസ്ലാവ് സ്ക്ലോടോവ്സ്കാ ഇത്രയും പേരടുങ്ങുന്നവരായി സ്ക്ലോടോവ്സ്കാ കുടുംബം ചുരുങ്ങി. അമ്മയുടെ മരണശേഷം അച്ഛന്റെ ജോലിയും നഷ്ട്ടപ്പെട്ടു. തുടര്‍ന്നവര്‍ ദാരിദ്രത്തിന്റെ കയത്തിലേക്ക് തെന്നി വീണു. പഠിക്കാനുള്ള മോഹത്തോടെ മേരി ജോലിക്ക് പോയി. ബ്രോണിയ പാരിസ്സിലക്ക് പഠിക്കാന്‍ പോവുകയും ചെയ്തു. പിന്നീട് ബ്രോണിയ ഒരു ഡോക്ടറെ വിവാഹം കഴിച്ചു. തുടര്‍ന്ന് അവരുടെ ക്ഷണപ്രകാരം മേരി പാരിസിലേക്ക് യാത്രയായി. ചേച്ചി ബ്രോണിയയുടെ കൂടെ താമസിച്ച മേരി അവിടത്തെ സന്തോഷവും മറ്റും തന്റെ പഠനത്തിനു വിലങ്ങാവും എന്ന് കണ്ട് മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റി. പിന്നീട് കടക്കെണിയില്‍ വലയുന്ന അച്ഛനെ അധികം ബുദ്ധിമുട്ടിക്കില്ലെന്നു തീരുമാനിച്ച് തന്റെ ഒരു ദിവസത്തെ ഭക്ഷണം കുറച്ചു ചെറിപ്പഴങ്ങളായി ചുരുക്കി. പുസ്തകങ്ങളുടെ ഓരോ താളും കാര്‍ന്നു തിന്നുകൊണ്ട് വിജ്ഞാനത്തിന്റെ സാഗരത്തിലേക്ക് വിശപ്പും ദാഹവും മറന്നു ആഴ്ന്നിറങ്ങി. സ്വയം ജോലി ചെയ്തു ആരെയും കഷ്ടപെടുത്താതെ ജീവിക്കാന്‍ ആഗ്രഹിച്ച മേരി ബിരുദാനന്ദ ബിരുദം കരസ്ഥമാക്കിയത് തനിക്കേറ്റവും പ്രിയപ്പെട്ട അച്ഛനോട് പോലും പറയാതെയാണ്. അങ്ങനെ ഒരിക്കല്‍ മേരിയും പിയറിയും തമ്മില്‍ കാണാന്‍ ഇടയായി. 1895 ജൂലൈ 26 മേരിയുടെയും, ഒപ്പം ശാസ്ത്രത്തിന്റെയും ചരിത്രത്തില്‍ നിര്‍ണായകമായ ദിനമായിരുന്നു. വെറും ഒപ്പുവയ്ക്കലിലൂടെ മറ്റു കോലാഹലങ്ങളില്ലാതെ അന്ന് ക്യുറി ദമ്പതിമാര്‍ ഉണ്ടായി. മേരിയുടെ ബുദ്ധിയില്‍ എന്നും അത്ഭുതപ്പെട്ടിരുന്ന പിയറി അവള്‍ക്കു തങ്ങും തണലുമായി തന്റെ ജീവിതാന്ത്യം വരെ നിലകൊണ്ടു.
വിവാഹത്തിന് ശേഷം ഡോക്റ്ററേറ്റ് ലക്ഷ്യമാക്കി മേരി റേഡിയോ ആക്ടിവതയെ കുറിച്ച് പഠനംനടത്താന്‍ തുടങ്ങി. അതിന്റെ ഫലമായി കഠിനപ്രയത്നത്തിലൂടെ പ്ലീച് ബെഡില്‍ നിന്നും അയിര്തിരിച്ച് പൊളോണിയവും അതിനെക്കാള്‍ നൂറിരട്ടി റേഡിയോ ആക്ടിവതയുള്ള റേഡിയവും ക്യുറി
ദമ്പതികള്‍ കണ്ടെത്തി. ശാസ്ത്രലോകത്തെ ആകമാനം അത്ഭുതപ്പെടുത്തിയ ആ കണ്ടുപിടിത്തത്തെ തുടര്‍ന്ന് നോബല്‍ സമ്മാനം ഇരുവരെയും തേടിയെത്തി. റേഡിയേഷന്‍ മൂലം കൈ മുഴുവന്‍വ്രണവുമായി ഒരസ്ഥികൂടത്തെ പോലെ നടന്നകലുന്ന പിയറിക്യുറിയെ സുഹൃത്തുക്കള്‍ ദു :ഖത്തോടെയും ആദരവോടെയും നോക്കി കണ്ടു. മേരിയുടെ അവസ്ഥയും ഭിന്നമായിരുന്നില്ല. ഒരിക്കല്‍ മേരിയെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ റിപ്പോര്‍ട്ടര്‍ കണ്ടത് ചറപറന്ന മുടിയുമായിപണിയെടുക്കുന്ന ഒരു സ്ത്രീയെയാണ്. വേലക്കരിയാണെന്നാണ് ലേഖകന്‍ അവരെ കണ്ടു വിചാരിച്ചത്. എളിമയുടെ മൂര്‍ത്തി ഭാവമാണ് മേരി എന്ന് ഈ സന്ദര്‍ഭം തെളിയിക്കുന്നു.
ഒരു ദുരന്തം കുതിരവണ്ടിയുടെ രൂപത്തില്‍ വന്നു പിയറിയുടെ ജീവന്‍ തട്ടിയെടുത്തു. അങ്ങനെ 1906 ല്‍ആ മഹാപ്രതിഭ മരണമടഞ്ഞു. തുടര്‍ന്ന് പ്രജ്ഞ നഷ്ട്ടപ്പെട്ടവളെ പോലെയായി മേരി. എന്നാല്‍ഒരാശ്വാസമെന്നവണ്ണം മറ്റൊരു പരീക്ഷണത്തിനും മേരിക്ക് നോബല്‍ സമ്മാനം ലഭിച്ചു. മൂത്തമകള്‍ ഐറീന് ക്യുറി അമ്മയുടെ പാത പിന്തുടര്‍ന്നപ്പോള്‍ ഇളയ മകള്‍ ഈവ് ക്യുറി പേരെടുത്തത്സംഗീതത്തിലും സൗന്ദര്യത്തിലും എഴുത്തിലുമായിരുന്നു. ഒരായുസ്സ് മുഴുവന്‍ റേഡിയേഷന്‍ ഏറ്റുവാങ്ങിഒടുവില്‍ രക്താര്‍ബുദത്തിനും'ഉടമയായി' 1934 ജൂലായി 4 ന് ശാസ്ത്രലോകത്തെ ആകമാനം പ്രകമ്പനംകൊള്ളിച്ച ആ അത്ഭുതവനിത യാത്രയായി.
ശാസ്ത്രത്തിനൊപ്പം അതിന്റെ വേദനകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ മേരി ക്യുറിക്ക് എന്നുംകഴിഞ്ഞിരുന്നു.ആഹ്ലാദത്തിന്റെ മധുരവും,കണ്ണീരിന്റെ ഉപ്പും,സാഹസികതയുടെ എരിവും കലര്‍ന്ന മരിയ സ്ക്ലോടോവ്സ്കാ ക്യുറിയുടെ ഈ ജീവിത കഥ ഏതൊരു കുട്ടിക്കും പ്രചോദനവും,ഉള്‍ക്കാഴ്ചയും ലക്ഷ്യബോധവും പകരുന്നതാണ്.
Subscribe to:
Posts (Atom)
