Wednesday, 26 May 2010

എന്മകജെ - വിഷമഴയുടെ നാട്ടില്‍


1945 ഓഗസ്റ്റ്‌ ആറിനു ലിറ്റില്‍ ബോയ്‌ എന്ന അണുബോംബ്‌  ജപ്പാനിലെ ഹിരോഷിമയിലെ ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷനേരംകൊണ്ട്  നീരാവിയാക്കി. ആ അസുരവിത്തിന്റെ ദുരിത ഫലങ്ങള്‍ ഇന്നും അവിടുത്തെ സാധുജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ദൈവത്തിന്റെ  സ്വന്തം നാടായ കേരളത്തിലും ഇത്തരമോരവസ്ഥ ഉണ്ടായി. നന്മയുടെ പ്രതിരൂപമായ മലയാളികളുടെ 'ലീലാവിലാസങ്ങള്‍!!'. കാസര്‍ഗോഡിലെ സ്വര്‍ഗ്ഗ,എന്മകജെ തുടങ്ങിയ ഉള്‍പ്രദേശങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന  കശുവണ്ടിത്തോട്ടങ്ങളുടെ ഉത്പാദന വര്‍ദ്ധനവിനായി എ൯ഡോസൾഫാ൯ എന്ന മാരകവിഷമായ കീടനാശിനി വര്‍ഷിച്ചു.


അണുബോംബിന്റെ പ്രതിപുരുഷനെപ്പോലെയാണ് എ൯ഡോസൾഫാ൯ എന്ന വിഷമഴ ഇവിടങ്ങളില്‍ ദുരിതം വിതച്ചത്. ഇന്നും ആ വിഷമഴയുടെ ദുരിദത്തിന്റെ കുന്നു കയറുകയാണ് അവിടങ്ങളിലെ സാധു ജനങ്ങള്‍. തല മാത്രം വളര്‍ന്നവര്‍,ദേഹം മുഴുവന്‍ പുണ്ണ് പേറി നടക്കുന്നവര്‍,അന്ധര്‍,മൂകര്‍,ബധിരര്‍,മാനസിക  വൈകല്യങ്ങള്‍ പിടിപെട്ടവര്‍ ഇന്നും കേരളത്തിന്റെ ഇളയ പുത്രനായ കാസര്‍ഗോടിന്റെ മുഖം വികൃതമാക്കുന്നു. തീരാ വേദനകള്‍ തിന്നു നരകിച്ചു പുഴുക്കുന്ന,കണ്ണീര്‍കയത്തില്‍ മുങ്ങി കണ്ണുനീരിന്റെ ഉപ്പു രസം മാത്രം രുചിച്ച
ഇവരുടെ കദനകഥ വിവരിക്കുകയാണ് അംബികാസുതന്‍ മങ്ങാട്  'എന്മകജെ' എന്ന പുസ്തകത്തില്‍ ചെയ്യുന്നത്. മനുഷ്യന്റെ ക്രൂരമായ കടന്നുകയറ്റങ്ങള്‍ മൂലം നിലവിളിക്കുന്നവരെ ചിത്രീകരിക്കുകയാണ് എന്മകജെ എന്ന ഈ കൃതി.


ഹനുമാന്‍ ഹൃദയം പിളര്‍ന്നു ശ്രീരാമനെയും സീതയേയും കാട്ടിയ പോലെ, കാസര്‍ഗോഡിന്റെ ആത്മാവിന്റെ വ്രണമായഎ൯ഡോസൾഫാ൯ ദുരന്തത്തിന്റെ യഥാര്‍ത്ഥ മുഖം തുറന്നു കാട്ടുകയാണ് ഈ കൃതി. കഥപാത്രങ്ങളുടെ പേരോ ഊരോ വെളിപ്പെടുത്താതെ ആദ്യമേ കഥയിലേക്ക് കടക്കുകയാണ് കഥാകൃത്ത്. ഒരു കുന്നിന്റെ മുകളില്‍ മനുഷ്യ കുലത്തെ വെറുത്ത് കഴിയുന്ന പുരുഷനിലും സ്ത്രീയിലും ഈ ദുരന്ത കഥ തുടങ്ങുന്നു.


ചതിയും വഞ്ചനയും നിറഞ്ഞ ഇരുണ്ട മനുഷ്യകുലത്തില്‍ നിന്നും ഒളിച്ചോടിയവരാണ് ഇരുവരും. എന്നാല്‍ ഒരു ദിവസം സ്ത്രീ ഒരു കുഞ്ഞിനേയും എടുത്തുകൊണ്ടു വരുന്നു. ഇരുളടഞ്ഞ മനുഷ്യന്റെ മനസ്സിലേക്ക് ഒരു നുറുങ്ങു വെട്ടവുമായി ആ കുഞ്ഞ് കടന്നു വരുകയാണ്. എന്നാലാദ്യം പുരുഷന്‍ കുഞ്ഞിനെ നികൃഷ്ടജീവിയായിക്കണ്ട്‌ സ്ത്രീയുമായി  തെറ്റിപ്പിരിയുകയും പിന്നീട് തിരിച്ചു വരികയും ചെയ്യുന്നു. എന്നാല്‍ കുഞ്ഞിന്റെ  വൈകല്യങ്ങള്‍ കണ്ടതോടെ അതുവരെ മനസ്സിന്റെ ഏതോ മൂലയില്‍ ഒളിഞ്ഞിരുന്ന പുരുഷന്റെ സഹതാപം പുറത്തു ചാടുന്നു. അതിനു കാരണം ചിരിക്കാത്ത ആ കുഞ്ഞിനു തൊണ്ട കീറിയിട്ടുണ്ടായിരുന്നില്ല,മുടി നരച്ചിരുന്നു,ദേഹമാകട്ടെ കാണാന്‍ അറപ്പുളവാക്കുന്ന പുണ്ണുകളും. തുടര്‍ന്ന് കുഞ്ഞിനെ പഞ്ചി എന്ന ആദിവാസി മൂപ്പന്‍ ചികിത്സിക്കുന്നു. ആ വൃദ്ധന്റെ വാക്കുകളില്‍ നിന്നാണ്  അതൊരു സാധാരണ കുഞ്ഞല്ലെന്നും എഴുവയസ്സു പ്രായമുള്ള കുട്ടിയാണെന്നും അസുഖം പനച്ചിയുടെ പരിധില്‍  നില്‍ക്കുന്നതല്ലെന്നും ഇരുവരും അറിയുന്നത്. അത് എന്‍ഡോസള്‍ഫാന്റെ പരിണത ഫലമാണെന്നൊന്നും തിരിച്ചറിയാന്‍ കഴിയാത്ത ആ നിഷ്കളങ്കനായ മനുഷ്യന്‍ നല്‍കിയ വാഖ്യാനം ഇങ്ങനെ " ഇത് ബാലീന്ദ്ര കാളിയുടെ ശാപം. ഇങ്ങനത്തോര് ഈട പാടുണ്ട്. " വീണ്ടും കുഞ്ഞിനോട് വെറുപ്പ്‌ തോന്നിയ പുരുഷന്‍ വീട്ടില്‍ നിന്ന് പോവുകയും സംസാരിക്കുന്ന ഗുഹക്കുള്ളില്‍ കടക്കുകയും ചെയ്യുന്നു. അവരുടെ ഓര്‍മ്മച്ചെപ്പു  തുറക്കാനായി ഒരു വഴിയൊരുങ്ങുകയായിരുന്നു. താന്‍ നീലകണ്ഠനാണെന്ന് പുരുഷന്‍ ഗുഹയോടും ദേവയാനിയാണ് താന്‍ എന്ന് സ്ത്രീ കണ്ണാടിയോടും വെളിപ്പെടുത്തുന്നു.


സ്വന്തം ഭര്‍ത്താവിനാല്‍ ചതിക്കപ്പെട്ടു വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞവളാണ്  ദേവയാനി. എന്നാല്‍ സ്വന്തം ജീവന്‍ പോലും ത്യജിച്ചു സമൂഹത്തിന്റെ താഴെ കിടയിലുള്ളവരെ, കുഷ്ഠ രോഗികളെ, വേശ്യകളെ ചികിത്സിച്ചു അവര്‍ക്ക് ആവശ്യമുള്ളതെല്ലാം ചെയ്തു കൊടുത്ത് നന്മയുടെ കാവലാളായി ജീവിച്ചയാളാണ്  നീലകണ്ഠന്‍.എന്നാല്‍ ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുന്നതുകൊണ്ട് ക്രൂരമായി മര്‍ദ്ധിക്കപ്പെടുന്ന അയാള്‍ മനുഷ്യലോകത്തെ  വെറുക്കുകയും ദേവയാനിയോട് ഗര്‍ഭപാത്രമുപേക്ഷിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പിന്നെ ഇരുവരും കാട്ടില്‍ പോയി  സന്ന്യാസികളായി മാറുന്നു.


തുടര്‍ന്ന് ദേവയാനി പിണങ്ങിപ്പോയ നീലകണ്ഠനെ വിളിച്ചു കൊണ്ട് വരികയും അയാള്‍ കുഞ്ഞിനെ സ്നേഹിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. ഒരിക്കല്‍ നീലകണ്ഠന്‍ പഞ്ചിയോടൊപ്പം കൊടാങ്കിരി കുന്നിന്റെ മുകളിലേക്ക് പോയി. അവിടെ വെച്ച് പല ഐതിഹ്യ കഥകളും പറയുന്നതിനിടയില്‍ സ്വര്‍ഗതുല്യമായ 'സ്വര്‍ഗയില്‍' സംഭവിച്ച നരകതുല്യമായ പല പരിവര്‍ത്തനങ്ങളെക്കുറിച്ചും പനച്ചി പറയുകയുണ്ടായി. അങ്ങനെ പഞ്ചിയോടൊപ്പം പല വീടുകളിലും കയറിയിറങ്ങുന്ന നീലകണ്ഠന്റെ മനസ്സ് വല്ലാതെ ഉലയുകയും ഈ ദുരിതങ്ങളുടെ മൂലകാരണം കണ്ടു പിടിക്കാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പുതിയ തലമുറയുടെ ചീഞ്ഞപുണ്ണുകള്‍ക്കും മാനസിക ബുദ്ധിമുട്ടുകള്‍ക്കുമോപ്പം ജീര്‍ണിച്ച അന്ധവിശ്വാസങ്ങളും സത്യസന്ധതയുടെ പ്രതിബിംബമായ ആ പച്ചമനുഷ്യരില്‍ ദൃശ്യമായിരുന്നു. ഒരിക്കല്‍ നീലകണ്ഠനും ദേവയാനിയും കുഞ്ഞിനേയും കൂട്ടി ആ ഓണംകേറാമൂലയിലെ ഏക ഡോക്ടര്‍ആയ  അരുണിന്റടുത്തു പോകുന്നു. അവിടെയും അവര്‍ വിചിത്രരോഗം ബാധിച്ച വാനരതുല്യനായ  ഒരു ശിശുവിനെ കാണുന്നു. ഇതുപോലെ വിചിത്ര രോഗം ബാധിച്ച ഒരുപാടുപേര്‍ അവിടുണ്ട്. ഡോക്ടറുടെ അഭിപ്രായത്തില്‍ ഈ ദുരന്തം ഏതോ ഒരു വിഷം മൂലമാണ് ഉണ്ടാകുന്നത്  എന്നാണ്. സ്വര്‍ഗത്തെ നരകതുല്യമാക്കാന്‍ പ്രാപ്തിയുള്ള ഒരു വിഷം. ആ പ്രദേശത്തെ തേനീച്ച കര്‍ഷകരുടെ മുഴുവന്‍ തേനീച്ചയും ചത്തുപോകുന്നു. തുടര്‍ന്ന് അവിടത്തെ ജനങ്ങള്‍ മധുരത്തെ കയ്പാക്കി മാറ്റിയ, സ്വര്‍ഗത്തെ നരകമാക്കി മാറ്റിയ ആ വിഷത്തെ കണ്ടു പിടിക്കാന്‍ ഒരു മീറ്റിംഗ് കൂടുന്നു. അതില്‍ ഒരംഗമായി നീലകണ്ഠനും ഉണ്ടായിരുന്നു. അതില്‍ അവര്‍ എ൯ഡോസൾഫാ൯ എന്ന മാരകവിഷത്തെ കണ്ടുപിടിക്കുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിന്റെ അതിശക്തമായ കാറ്റ് സ്വര്‍ഗയിലും എന്മകജെയിലും ആഞ്ഞടിക്കുന്നു. ഇതിനോടനുബന്ധിച്ച്  അവര്‍ ഒരു നേതാവിനെ കാണുന്നു. എന്നാല്‍ നിഷ്കളങ്കരായ ആ ജനങ്ങളുടെ സത്യസന്ധതയെ അധികാരികള്‍ ചൂഷണം ചെയ്യുകയാണെന്ന്  മനസ്സിലായി. തുടര്‍ന്ന് നീലകണ്ഠന്റെ നേതൃത്വത്തില്‍ കശുമാവിന്‍ തോട്ടങ്ങളിലേക്ക് ജനങ്ങള്‍ പോവുകയും കാളകൂട വിഷം പെയ്യിക്കുന്ന ഹെലിക്കോപ്ടർ കത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ആയിടക്കു ദേവയാനിക്കും നീലകണ്ഠനും ലഭിച്ച പരീക്ഷിത്ത് എന്ന കുഞ്ഞു മരിക്കുന്നു. അവര്‍ എ൯ഡോസൾഫാന്റെ പുതിയ രക്തസാക്ഷിയുടെ ജഡം പേറി കശുമാവിന്‍ തോട്ടങ്ങളിലേക്ക് പോയി രൂക്ഷമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാക്കുന്നു. ഈയിടക്കാണ് എ൯ഡോസൾഫാനെതിരെ ശക്തമായി പോരാടുന്ന ജയചന്ദ്രന്‍ എന്ന യുവാവ്‌ രംഗപ്രവേശനം ചെയ്യുന്നത്. ജയചന്ദ്രന്‍ നീലകണ്ഠനെ എ൯ഡോസൾഫാനെതിരെ സമരം ചെയ്യുന്ന ലീലാകുമാരി എന്ന അധ്യാപികയുടെ അടുത്ത്  കൊണ്ട് പോകുന്നു. എ൯ഡോസൾഫാനെതിരെ ശക്തമായി പോരാടുന്ന ജയചന്ദ്രനെയും നീലകണ്ഠനെയും നേതാവ് തല്ലി ചതയ്ക്കുകയും ജയചന്ദ്രനെ കൊല്ലുകയും ചെയ്യുന്നു. നീതിക്കുവേണ്ടി പോരടിയതിനു അധികാരികള്‍ കൊടുത്ത ശിക്ഷ!തുടര്‍ന്ന് നീലകണ്ഠനെയും ദേവയാനിയും നേതാവ് പലരീതിയിലും പീഡിപ്പിക്കാന്‍ തുടങ്ങി. ഒടുവില്‍ ഉന്നത പദവിയിലിരുന്നു സഹോദരങ്ങളെ കൊന്നൊടുക്കിയ നേതാവ് സര്‍പവിഷം തീണ്ടി മരിക്കുന്നു. ദേവയാനിയും നീലകണ്ഠനും ഒടുവില്‍ സംസാരിക്കുന്ന ഗുഹയ്ക്കുള്ളില്‍ അഭയം പ്രാപിക്കുന്നു.


അധികാരത്തിന്റെ അപ്പകഷ്ണങ്ങള്‍ക്കായി തെരുവ് നായകളെ പോലെ കടിപിടി കൂടുന്ന, ഇന്നും ഉന്നത പദവിയിലിരിക്കുന്ന അധികാരികള്‍ക്കെതിരെ രോഷം കൊള്ളുകയാണ് അംബികാസുതന്‍ മങ്ങാട്  'എന്മകജെ' എന്ന തന്റെ പുതിയ നോവലില്‍ ചെയ്യുന്നത്. പച്ചനോട്ടുകള്‍ക്കുവേണ്ടി സഹോദരങ്ങളെ വിഷം കൊടുത്തു കൊല്ലുന്ന മാനവരുടെ പുതിയ മുഖത്തിനെതിരെ സമരം ചെയ്യുകയാണ് ഈ കൃതി. അധികാരത്തിനായി അനീതിയുടെ പടുകുഴികള്‍ ചാടികടക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളില്‍  നിമിഷം പ്രതി മരണപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തിനു വെയ്ക്കുന്ന റീത്താണ് എന്മകജെ എന്ന ഈ പുസ്തകം. എ൯ഡോസൾഫാന്റെ പരിണിതഫലങ്ങളുടെ കയ്പുനീര്‍ കുടിച്ചു കൊണ്ടിരിക്കുന്നവരുടെ നിലവിളിയാണ് ഈപുസ്തകത്തില്‍ മുഴങ്ങുന്നത്. ഹൃദയേഭദകമായ വേദനയോടെ ഈ കൃതി വായിക്കുമ്പോള്‍ മനസ്സിന്റെ ആഴത്തില്‍ അധികാരികളുടെ അനീതിക്കെതിരെ ഒരു ചെടി വളര്‍ന്നു വരുന്നത്  സഹൃദയര്‍ക്ക് അനുഭവിക്കാം.