Saturday 23 May 2009

തിരിച്ചുവരവ്‌


``ത്‌ഫൂ, ഈ വര്‍ക്കത്തുകെട്ടോള്‌, ആറ്റുനോറ്റുവന്ന വിവാഹാലോചനയാ. അതും മുടങ്ങി. നിനക്ക്‌ വീട്ടിലിരിക്കാനേ യോഗുള്ളൂ. നീയൊന്നും ഒരു കാലത്തും നന്നാവില്ലെടീ''
ലക്ഷ്‌മിയമ്മ കോപം കൊണ്ടുതുള്ളി. പാവം ഷൈനിയേച്ചി. അവരുടെ കണ്ണുകള്‍ തുളുമ്പി. ``ഹെന്താടീ കണ്ണ്‌ന്ന്‌ ഉരുണ്ട്‌ വരുന്ന്‌. ബാലനെന്താ കൊയപ്പം. ചെറിയൊരസുഖം മുമ്പുണ്ടായിരുന്നു. ലേശം കറുപ്പുണ്ടെന്നൊയിച്ചാല്‍ കാണാനും വല്യ മോശൂല്ല. അസുഖം ഇപ്പൊട്ടില്ലതാനും. ഇവളെന്റെ വയറ്റീത്തന്നെ ജനിച്ചല്ലോ തമ്പുരാട്ടീ.....''
ഇത്തരി ഭംഗീയും പണവും കുറഞ്ഞൂന്ന്‌ വച്ച്‌ ഇങ്ങനിണ്ടോ മനുഷമ്മാര്‌. കണ്ട വട്ടന്മാര്‍ക്കൊക്കെ കൊടുക്കാന്‍. പാവം. ഞാന്‍ ചേച്ചിയെ സഹതാപത്തോടെ നോക്കി. എനിക്കവരെ ആശ്വസിപ്പിക്കണമെന്നുണ്ടായിരുന്നു. പതിവുള്ള ഭയം അതിനനുവദിച്ചില്ല.
``എനിക്ക്‌ ഏച്ചി പോണമെന്നില്ല.''ഞാന്‍ ഷൈനിയേച്ചിടുടെ അനുജത്തി ഷൈമച്ചേച്ചിയോട്‌ പറഞ്ഞു. ``കരിനാക്കു വളച്ചൊന്നും പറയല്ലെണേ...'' അവര്‍ എന്നെ ശാസിച്ചു. ഷൈനിയേച്ചിയോട്‌ സ്‌നേഹമുണ്ടായിട്ടൊന്നുമല്ല. അവര്‍ക്കൊരാളെ ഇഷ്‌ടമാണ്‌. കോളേജിലേക്കെന്നും പറഞ്ഞ്‌ ആ ചേട്ടന്റെ കൂടെ ചുറ്റിത്തിരിയലാ പണി. ഷൈനിയേച്ചിയുടെ കല്യാണം കഴിഞ്ഞല്ലേ സ്വന്തം കല്യാണം നടക്കൂ. ഇതൊന്നും ആര്‍ക്കും അറിയില്ലെന്നാ വിചാരം. ഞാന്‍ ദേഷ്യത്തോടെ ഒര്‍ത്തു.
വയലിലും മറ്റും ജെലി ചെയ്‌തും കോണ്‍ക്രീറ്റ്‌ പണിക്കുപോയും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണവര്‍ ജീവിച്ചുപോകുന്നത്‌. ഷൈനിയേച്ചിയുടെ അച്ഛന്‍ ഒരു ഉത്തരവാദിത്വവും ഇല്ലാത്ത ആളാണ്‌.
ഒരു ദിവസം കല്യാണബ്രോക്കറായ ബാലകൃഷ്‌ണേട്ടന്‍ അങ്ങോട്ടുവന്നു.
``ഒരുഗ്രന്‍ കല്യാണാലോചന വന്നിട്ടുണ്ട്‌.''
ചെറുക്കന്റെ യോഗ്യതകള്‍ ബാലേട്ടന്‍ വിവരിച്ചു.
``എന്റെ ബാലാ... അവള്‍ക്കിതിനൊന്നും യോഗൂല്ല.''
``അവര്‍ നാളെയിങ്ങോട്ട്‌ വരും.''
അത്‌ കേക്കാത്ത മട്ടില്‍ ബാലേട്ടന്‍ പറഞ്ഞു. പ്രതീക്ഷയറ്റ രണ്ട്‌ കണ്ണുകള്‍ ആ സംഭാഷണം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പെട്ടെന്ന്‌ ഷൈനിയേച്ചി തെക്കിനിയിലിരുന്ന്‌ എന്തോ ഓര്‍ത്ത്‌ പൊട്ടിക്കരഞ്ഞു.
പിറ്റേദിവസം പെണ്ണുകാണലിന്‌ ഞാനും പോയി. ചേച്ചിയുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി. ഏച്ചിക്കിഷ്‌ടമായി. തിരിച്ചും. അപ്പോള്‍ ഞാന്‍ കണ്ടു. നിഗൂഢമായ സന്തോഷത്തോടുകൂടി നില്‍ക്കുന്ന ഷൈമേച്ചിയേയും. മനസ്സിനിഷ്‌ടപ്പെട്ട വരനെ കിട്ടിയ സന്തോഷത്തോടുകൂടി നില്‍ക്കുന്ന ഷൈനിയേച്ചിയെയും.
ആ ദിവസം രാത്രി ഞാന്‍ ഓര്‍ത്തു. ഏച്ചി എന്നെയും കൂട്ടി നടക്കാന്‍ പോകുന്നത്‌.... ഓരുപാട്‌ വര്‍ത്തമാനംങ്ങള്‍ പറഞ്ഞാ വേദനിപ്പിക്കാതെ പേനെടുത്ത്‌ തരാറുള്ളത്‌. ഒക്കെ ഓര്‍ത്തുകൊണ്ടാണ്‌ ഞാന്‍ ഉറക്കത്തിലേക്ക്‌ വഴുതിവീണത്‌.
അവരുടെ കല്യാണത്തിനായി പുതുവസ്‌ത്രങ്ങളണിഞ്ഞ്‌ ഞാനും പോയി. ഏച്ചി ഭര്‍ത്താവിന്റെ വീട്ടിലേക്ക്‌ പോകാന്‍ നേരത്ത്‌ എനിക്ക്‌ സഹിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വിതുമ്മിക്കരഞ്ഞു. ഏച്ചി എന്നെ ആശ്വസിപ്പിച്ചു. ``മോളേ അമ്മൂ. എന്നായാലും ചേച്ചിക്ക്‌ പോകേണ്ടതല്ലേ. പോയാടും നിന്നെ വിളിക്കാം. വേനലവധിക്കാലത്ത്‌ ഞാന്‍ മോളെ കാണാന്‍ വരാം.''
പിന്നീട്‌ തിരിഞ്ഞുനോക്കിയപ്പോള്‍ കണ്ടത്‌ കുട്ടികളാരോ തട്ടിമറിച്ച വിളക്കായിരുന്നു.
``ഏച്ചി വേഗം തിരിച്ചുവരണേ'' ഞാന്‍ വിളിച്ചു പറഞ്ഞു.
ആ വേനലവധിക്ക്‌ ഞങ്ങളുടെ അയല്‍ക്കാരനായ സുരേഷേട്ടന്റെ കല്യാണത്തിന്‌ ഷൈനിയേച്ചി വന്നു. ആളാകെ മാറിയിരിക്കുന്ന. തെളിഞ്ഞുകാണുന്ന കഴുത്തിന്‍വള്ളിയും കൊട്ടുപിടിച്ച മുഖവും ആകെ മാറിപ്പോയിരിക്കുന്നു. വെളുത്ത്‌ മിനുങ്ങിയിട്ടുണ്ട്‌. അന്ന്‌ നിറം മങ്ങിയ ചുരിദാറും ഇട്ട്‌ നടന്ന ഷൈനിയേച്ചി വാനിറ്റി ബാഗും തിളങ്ങുന്ന സാരിയുമുടുത്ത്‌ നടക്കുന്നത്‌ കണ്ടപ്പോള്‍ ഒരു മാസത്തെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ ചേച്ചിയെ വിട്ടുമാറിയില്ല. പിറ്റേദിവസം മനസ്സില്ലാമനസ്സോടെ അച്ഛാച്ഛന്റെ കൂടെ മാതമംഗലത്തേക്ക്‌ പോയി. ജിത്തുവേട്ടനും ശ്രീയും നന്ദുവും നീതുവുമൊക്കെ വന്നിട്ടുണ്ടത്രെ! എല്ലാവര്‍ക്കും വരാന്‍ കണ്ട സമയം. ഷൈനിയേച്ചിയെ കുറേനാളുകൂടി കിട്ടിയതായിരുന്നു. പിന്നെ സന്തോഷപൂര്‍വമായ കുറച്ചു നാളുകള്‍ക്കുശേഷം ഷൈനിയേച്ചിയെ കാണാനുള്ള ഉത്സാഹത്തോടെ മടങ്ങിയെത്തി. എന്തോ എല്ലാവര്‍ക്കും ഒരു വല്ലായ്‌മ. ഞാന്‍ വീട്ടില്‍ ചെന്ന്‌ ബാഗുവെച്ച്‌ ഏച്ചിയുടെ അടുത്തേക്ക്‌ ഓടി. അപ്പോള്‍ കണ്ടത്‌ കരയുന്ന ഷൈനിയേച്ചിയെയാണ്‌. അങ്ങിങ്ങ്‌ കുറച്ചാളുകളും കൂടിനില്‍ക്കുന്നു. ഞാന്‍ വീട്ടിലേക്കുതന്നെ മടങ്ങി. വിങ്ങുന്ന മനസ്സോടെ. അപ്പോള്‍ അച്ഛനോട്‌ സുരേഷേട്ടന്‍ പറയുന്നത്‌ കേട്ടു. ``രാവിലെ ഡ്യൂട്ടിക്ക്‌ പോകുമ്പോള്‍ലോറി ഇടിച്ചതാ.... ഏകദേശം എല്ലാ എല്ലും പൊട്ടീനി.'' ഞാന്‍ വിതുമ്മിക്കൊണ്ട്‌ സോഫയിലേക്ക്‌ ചാഞ്ഞു. ഏച്ചിയുടെ വരവ്‌ ഒരു തിരിച്ചുപോക്കില്ലാത്ത വരവാകുമെന്ന്‌ ഞാന്‍ കരുതിയില്ല. ഒരു കുറ്റബോധം എന്റെ മനസ്സിനെ വീര്‍പ്പുമുട്ടിക്കാന്‍ തുടങ്ങി. അവരുടെ നിര്‍ഭാഗ്യത്തെ എണ്ണിപ്പറഞ്ഞ്‌ നൂറുനാവുകള്‍ ചിലമ്പിക്കാന്‍ തുടങ്ങി. ഒരു മാസം മുന്പ്
ഷൈനിയേച്ചിയുടെ ഭാഗ്യത്തെ വിവരിച്ച അതേ നാവുകള്‍ തന്നെയായിരുന്നു അവ!

സൈക്കിള്‍ - ഓരോര്‍മ


വിതുമ്മിക്കരഞ്ഞുകൊണ്ടവള്‍ തന്റെ കൊച്ചുവീടിനുമുന്നില്‍ ഇരുന്നു.
അമ്മ ചോദിച്ചു ``അമ്മയുടെ അമ്മൂട്ടിയെന്തിനാ കരയുന്നേ?''
``പരീക്ഷയ്‌ക്ക്‌ ഒന്നാമതെത്തിയിട്ടും അമ്മയെനിക്ക്‌ സൈക്കിള്‍ മേടിച്ചു തന്നില്ലല്ലോ?''
``കുറച്ചൂടെ വലുതാവട്ടെ. അമ്മയുടെ അമ്മൂട്ടിക്ക്‌ സൈക്കിളില്‍ പോകാല്ലോ.'' അമ്മയുടെ മറുപടി.
ഏറെനേരം പരിഭവിച്ചിരുന്നതിനുപശേഷം ഇന്നലെ കഴിച്ചിരുന്നതിന്റെ ബാക്കി കപ്പപ്പുഴുക്കെടുത്തു കഴിച്ച്‌, പഴകി പിന്നിയ ബാഗുമായി അവള്‍ സ്‌കൂളിലേക്ക്‌ ഇറങ്ങി. നിറം മങ്ങിയ യൂനിഫോമുമായി നടന്നകലുന്ന മകളെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു. അമ്മുവിന്‌ കുഞ്ഞുനാളിലെങ്ങോ സമ്മാനമായി കിട്ടിയ കളര്‍പ്പുസ്‌തകത്തില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ അവര്‍ ഒന്നുകൂടി എണ്ണിനോക്കി. ആ മുഷിഞ്ഞ നോട്ടുകളിലേക്ക്‌ നോക്കിനില്‍ക്കേ ഒരപകടത്തിന്റെ ഓര്‍മ കണ്ണീര്‍പ്പുഴപോലെ അവരിലേക്ക്‌ ഒഴുകിവന്നു.
രാത്രിയായിട്ടും തിരികെ വരാത്ത മാധവേട്ടനെയും കാത്ത്‌ ഉമ്മറത്തിരിക്കുകയായിരുന്നു. എപ്പോഴാണ്‌ ഉറക്കത്തിലേക്ക്‌ വഴുതിവീണതെന്നറിയില്ല. ആളുകളുടെ കോലാഹലം കേട്ടാണ്‌ ഞെട്ടിയുണര്‍ന്നത്‌. വീടിനു ചുറ്റും പരിചിതരും അപരിചിതരുമായ ആളുകള്‍ കൂടിനില്‍ക്കുന്നതാണ്‌ കണ്ടത്‌. അടക്കിപ്പിടിച്ച സ്വരത്തില്‍ അവരെന്തോ പറയുന്നുണ്ടായിരുന്നു. അരോ തന്റെ കാതുകളില്‍ അത്‌ മന്ത്രിച്ചു. ബോധം കെട്ടുവീണു. ഓരോ മുഖത്ത്‌ വെള്ളം തളിച്ചപ്പോഴാണ്‌ കണ്ണു തുറന്നത്‌. അപ്പോള്‍ കണ്ടത്‌ പായില്‍പ്പൊതിഞ്ഞ്‌ രക്തത്തില്‍കുളിച്ച ഭര്‍ത്താവിനെയായിരുന്നു. ആ പ്രജ്ഞയറ്റ ശരീരത്തില്‍ കമിഴ്‌ന്നുവീണ്‌ എത്ര നേരം കറഞ്ഞു. അതുകേട്ടെഴുന്നേറ്റ അമ്മുക്കുട്ടിയുടെ ഞെട്ടലുകള്‍... ഒന്നും ഇപ്പോഴും മറന്നിട്ടില്ല.
കുഞ്ഞമ്പുപ്പൊതുവാളുടെ പീടികയില്‍ സൈക്കിള്‍ ഷാപ്പ്‌ നടത്തുന്ന സുരേഷിനോട്‌ ബാക്കി പണം കടം പറഞ്ഞ്‌ ഒരു പഴയ സൈക്കിള്‍ അമ്മുവിന്‌ വാങ്ങിച്ചുകൊടുക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചു. സൈക്കിള്‍ കണ്ടപ്പോള്‍ അമ്മുവിന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. അവളുടെ മുഖം പതിവിലുമധികം തിളങ്ങി. പിന്നീടവള്‍ക്ക്‌ സൈക്കിള്‍ പഠിക്കാനുള്ള ഉത്സാഹമായിരുന്നു. പലയിടത്തും വീണെങ്കിലും അവളത്‌ പഠിച്ചെടുത്തു. ഒരു ദിവസം അവളാദ്യമായി കൂട്ടുകാരോടൊത്ത്‌ സൈക്കിളില്‍ സ്‌കൂളില്‍ പോയി. കൂട്ടുകാരുടെ അത്ഭുതം നിറഞ്ഞ കണ്ണുകള്‍ അവളിലേക്ക്‌ തിരിഞ്ഞു.
അമ്മയ്‌ക്ക്‌ നല്ല സുഖമില്ലാത്തതിനാല്‍ അന്ന് അമ്മു ഒന്നും കഴിച്ചിരുന്നില്ല. സ്വാതന്ത്ര്യദിനമായിരുന്നതുകൊണ്ട്‌ സ്‌കൂളില്‍ പോകണ്ട എന്ന്‌ അമ്മ ഒരുപാട്‌ പറഞ്ഞതാണ്‌. പക്ഷെ അവള്‍ പോയി. രണ്ടുമൂന്ന്‌ തവണ വേച്ചുവീഴാന്‍ തുടങ്ങിയത്‌ അവള്‍ അറിഞ്ഞിരുന്നു. ബാലന്‍സിന്‌ മുറുകെ പിടിച്ച്‌ അവള്‍ ആഞ്ഞുചവിട്ടി. കണ്ണുകളിലേക്ക്‌ ഒരു മൂടല്‍മഞ്ഞ്‌ കയറുന്നതുപോലെ അമ്മുവിന്‌ തോന്നി. ഒരു ബൈക്കിന്റെ ഹോണും ബ്രേക്കിടുന്ന ശബ്‌ദവും താനേതോ ആഴത്തിലേക്ക്‌ പതിക്കുന്നതും അവള്‍ക്കോര്‍മയുണ്ട്‌. പിന്നീട്‌ കണ്ണുതുറന്നപ്പോള്‍ അവള്‍ ആശുപത്രിയിലായിരുന്നു. അവള്‍ തന്റെ കാലിലേക്ക്‌ നോക്കി. ഒരു കാല്‍ മുറിച്ചുമാറ്റപ്പെട്ടിരിക്കുന്നു. അന്നു മുതല്‍ ആ പത്തുവയസ്സുകാരിയുടെ ലോകം കൂട്ടുകാര്‍ സമ്മാനിച്ച ചക്രക്കസേരയിലായിരുന്നു. എന്നും രാവിലെ കൂട്ടുകാര്‍ സ്‌കൂളിലേക്കു പോകുമ്പോള്‍ ഒരപകടത്തിന്റെ ദയനീയ ഓര്‍മയായി തുരുമ്പിച്ചുപോകുന്ന സൈക്കിളിനെ നോക്കി അവളല്‌പം കണ്ണീര്‍ പൊഴിക്കും.