വാര്‍ത്ത ചിത്രങ്ങള്‍ പരതുന്നതിനിടയിലാണ് ഭോപ്പാല്‍ ദുരന്തത്തിന്റെ അതി ദാരുണമായ ചിത്രം എന്റെ ശ്രദ്ധയില്‍ പെടുന്നത്. ഭോപ്പാല്‍ ദുരന്തത്തിന്റെ ഭാഗമായി ചലനമറ്റു കല്ലിനും മണ്ണിനുമിടയില്‍ പുതഞ്ഞു കിടക്കുന്ന ഒരു പിഞ്ചു പൈതല്‍. ആ മുഖത്തിന് ചുറ്റുമുള്ള മണ്ണ് നീക്കുന്ന ഒരു കൈ. ആ കുഞ്ഞിന്റെ തുറന്നു പിടിച്ച വായ ഒരിറ്റു വെള്ളത്തിനായി കേഴുന്നത് പോലെ. തുറന്ന നിലയിലുള്ള കണ്ണുകള്‍ ഒരല്‍പം ദയയ്ക്കായി അപേക്ഷിക്കുന്നതു പോലെ. പണക്കൊതിയന്‍മാരുടെയും അധികാരികളുടെയും "സ്നേഹത്തിന്റെ" പുതിയ രക്തസാക്ഷിയുടെ കണ്ണുകളിലും മുഖത്തും നിറഞ്ഞിരിക്കുന്ന ഭീതി ദുഃഖം ദയ തുടങ്ങിയ വികാരങ്ങളാണ്,
ഡോമിനിക് ലാംപിയരിന്റെയും ജാവിയര്‍ മോരോയുടെയും 'ഭോപ്പാലില്‍ അന്ന് സംഭവിച്ചത് ' എന്ന കൃതി വായിക്കാന്‍ എനിക്ക് ഉള്‍പ്രേരണ നല്‍കിയത്.
കാല്‍ ലക്ഷത്തോളം പേരുടെ മരണത്തിനും പതിനായിരക്കനക്കിനാളുകളുടെ തീരാ ദുരിതത്തിനും ഇടയാക്കിയ ഭോപ്പാലിലെ വിഷപ്പുക തുപ്പിയ ഫാക്ടറി ഇന്നും ഏവര്‍ക്കും ദുഃഖ സ്മൃതിയാണ്. ഭോപ്പാല്‍ ദുരന്തത്തിന്റെ കറുത്ത വശങ്ങളിലേക്ക് കാലങ്ങള്‍ പിറകില്‍ നിന്നും പത്മിനി എന്ന പെണ്‍കുട്ടിയോടൊപ്പം സഞ്ചരിക്കുകയാണ് കഥാകാരന്മാര്‍ ഇരുവരും. നൂറുകണക്കിന് ഗ്രാമവാസികളുടെ, കാല്പനികമാല്ലത്ത, പച്ചയായ ജീവിതങ്ങളുടെ സ്തോഭജനകമായ ദുരന്തങ്ങള്‍ സഹൃദയരുടെ കരളുലയ്ക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ വാതകദുരന്തത്തിനിരയായവരുടെ പച്ചയായ ജീവിതത്തിന്റെ ആവിഷ്ക്കാരമാണ് ഈ കൃതി.
അധികാരികളാല്‍ ഔദ്യോഗികമായി "സംരക്ഷിക്കപ്പെടുന്നവരെങ്കിലും" ഒറീസ്സയിലെ ചേരികള്‍ ഇന്ത്യന്‍ ഗ്രാമീണരുടെ ദുഃസ്ഥിധി മാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും വളരെ അകലെയാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഗ്രാമനിവാസികളുടെ ഏക ആശ്രയം തങ്ങളുടെ കൈകൊണ്ടുള്ള അധ്വാനം മാത്രമാണ്. 32 കാരനായ രത്ന നടാരും കുടുംബവും ഈ ദരിദ്ര സമൂഹത്തിലെ അംഗങ്ങളായിരുന്നു.
അങ്ങനെയൊരിക്കല്‍ ഷീലയ്ക്ക് ഒരു തീപ്പെട്ടി കമ്പനിയിലേക്ക് മക്കള്‍ മൂന്നു പേരെയും അയയ്ക്കേണ്ടി വരുന്നു. എന്നാല്‍ അവിടുണ്ടായ അപകടത്തില്‍ ആശു മരണപ്പെടുന്നു. ഒരിക്കല്‍ മുദിലപ്പ നിവാസികള്‍ക്ക് ഗവണ്മെന്റ് 'ചാവുന്ന' പശുക്കളെയും ഒരു തുണ്ട് ഭൂമിയും കുറച്ചു വിത്തും കൊടുക്കുന്നു. എന്നാല്‍ പശുക്കള്‍ ചാവുകയും കൃഷി, കീടങ്ങള്‍ തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഇവയെ നശിപ്പിക്കാന്‍ 'സെവിന്‍' എന്നാ കീടനാശിനി വരുന്നു. ഇതിനുവേണ്ടി ഇന്ത്യയിലാകമാനം, മാരകമായ രാസ വിഷങ്ങള്‍ പുറത്തു വിടുന്ന യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറികള്‍ സ്ഥാപിക്കപ്പെടുന്നു. ആഗോള കുത്തക കമ്പനിയുടെ പുതിയ തന്ത്രം!ക്ഷാമം കൊണ്ട് പൊറുതിമുട്ടിയ രത്നനടാരും കുടുംബവും മുദിലപ്പയില്‍ നിന്നും ഭോപ്പാലിലെ റെയില്‍വേ സ്റ്റേഷന്‍ കോളനിയായ ചോളയിലേക്ക് കുടിയേറുന്നു.
അവരെയും കാത്തു ബല്‍റാം മുക്കാടം എന്നാ നന്മയുടെ പ്രതിരൂപമായ ഒരു മനുഷ്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ തന്റെ വടി കൊണ്ടാളന്നു കുറച്ചു ഭൂമിയും വീടും രത്ന നടര്‍ക്കും കുടുംബത്തിനും നല്‍കി. ട്രെയിനുകളുടെ അലറിപ്പായുന്ന ശബ്ദം ആ റെയില്‍വേ സ്റ്റേഷന്‍ കോളനിയെ പ്രകമ്പനാം കൊള്ളിച്ചത് പത്മിനി എന്നും ഓര്‍ക്കുമായിരുന്നു. രാത്രി കടന്നു പോകാറുള്ള വണ്ടികള്‍ അവരുടെ ഉറക്കവും തട്ടിയെടുത്തു കൊണ്ടാണ് യാത്ര തുടരുക. ആ കോളനിയിലെ മിക്കവാറും ആള്‍ക്കാരും നന്മയുടെ വെള്ള അങ്കി ധരിച്ചവരായിരുന്നു. അതില്‍ പ്രധാനിയായിരുന്നു 38 -ആം വയസ്സില്‍ ക്ഷയത്തിനെയും കുഷ്ഠത്തിനെയും അതിജീവിച്ച ഗംഗറാമും ഭാര്യ ദലിമയും ദത്തു പുത്രന്‍ ദിലിപും. ഒറിയ കോളനിയിലൂടെ പാഞ്ഞു പോകുന്ന ട്രെയിനില്‍ നിന്നും എറിയപ്പെട്ട ചീത്ത ട്യുബുകള്‍ തുടങ്ങിയവ വിറ്റ് തങ്ങള്‍ക്കാവുന്ന വിധത്തില്‍ പത്മിനിയും ദിലിപും ഗോപാലും മറ്റു കുട്ടികളും തങ്ങളുടെ കുടുംബത്തെ സഹായിച്ചു പോന്നു. ഇതിനിടയില്‍ സിസ്റ്റര്‍ ഫെലിസിറ്റിയെന്ന കാരുണ്യവതിയായ ഡോക്ടര്‍ അവിടേക്ക് വരുന്നു. പോഷകക്കുറവ് ബാധിച്ച കുട്ടികളെ അവര്‍ ചികിത്സിക്കാന്‍ തുടങ്ങി കൂടെ പത്മിനിയും. പെട്ടന്നാണ് ആ കോളനിയില്‍ ഒരു കാര്‍ബൈഡ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. അവിടുത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് ജോലി 'ആ സുന്ദരമായ ഫാക്ടറി' പ്രദാനം ചെയ്തു. കപ്പല്‍ ചരക്കിലൂടെ സെവിന്‍ നിര്‍മ്മിക്കാനുള്ള വിഷവസ്തുക്കള്‍ ഫാക്ടറിയിലേക്ക് കടത്തുമ്പോള്‍ ഒരു എഞ്ചിനീയര്‍ പറഞ്ഞു "ആര്‍ക്കുമറിയില്ല ഇവയുടെ ഏതാനും തുള്ളികള്‍ മതി പലരുടെയും മരണത്തിനു". തുടര്‍ന്ന് കാലി മൈതാനത്തിലെ കിണറുകളിലെ വെള്ളം മലിനമാകുന്നു. അതില്‍ നിന്നും അനാരോഗ്യമായ ഗന്ധം പുറത്തേക്കു പ്രവഹിച്ചു "കാര്‍ബൈഡ് ഞങ്ങളുടെ വെള്ളത്തെ വിഷമയമാക്കി" അവര്‍ വിളിച്ചു പറഞ്ഞു . ഉടനെ മുടന്തനായ രാഹുല്‍ മുക്കടാമിനെ വിളിച്ചറിയിച്ചു. "എല്ലാ പശുക്കളും ചത്തു പോകുന്നു. അവയുടെ ശവം തിന്ന കാക്കകളും കഴുകന്മാരം അടക്കം" തുടര്‍ന്ന് കാലി മൈതാനത്തില്‍ അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നു.
സുന്ദരമായ ഫാക്ടറിയുടെ ആദ്യത്തെ ഇരയായിത്തീര്‍ന്നു മുഹമ്മദ് അഷ്‌റഫ് എന്ന ഇന്ത്യന്‍ യുവാവ്. ഒരിക്കല്‍ അയാള്‍ സുരക്ഷ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ "ഫോസ്ജീന്‍" തുടങ്ങിയ മാരക വിഷങ്ങള്‍ പ്രവഹിക്കുന്ന പൈപ്പുകളുടെ കേടായ ഭാഗം നന്നാക്കാന്‍ പോയി. പെട്ടന്ന് തന്റെ കമ്പിളി കുപ്പായത്തിലേക്കു ഫോസ്ജീന്‍ പ്രവഹിക്കുന്നതു അദ്ദേഹം കണ്ടു. അദ്ദേഹം തന്റെ മുഖാവരണം മാറ്റിയതിനാല്‍ ആ വിഷം അദ്ദേഹത്തിന്റെ ശ്വാസകോശത്തിലേക്ക് കടന്നു കൂടി. ആദ്യം അയാള്‍ക്ക് അസ്വസ്ഥകളൊന്നും തോന്നിയില്ല. കുടിലമായ തരത്തിലാണ് ഫോസ്ജീന്‍ തന്റെ ഇരകളെ കൊല്ലുകയെന്നത് പാവപ്പെട്ട ആ യുവാവിനു അറിയുന്നുണ്ടായിരുന്നില്ല. ആദ്യം ആ വിഷം വല്ലാത്തൊരു സുഖം പ്രദാനം ചെയ്യും. "അദ്ദേഹം ഇത്രയും സന്തോഷവാനായി ഇതുവരെ കണ്ടിട്ടില്ല". അദ്ധേഹത്തിന്റെ ഭാര്യ സജ് ദാ ബാനോ ഓര്‍ക്കുന്നു. നര്‍മ്മദ തീരത്ത് വെച്ച് പല നിറത്തിലുള്ള സ്രവങ്ങള്‍ ചര്‍ദ്ദിച്ചു അയാള്‍ ആദ്യത്തെ കാര്‍ബൈഡ് രക്തസാക്ഷിയായി.
അതേസമയം, ചോള ചേരിയില്‍ പൂര്‍ണചന്ദ്രനുദിച്ച ആ രാത്രിയില്‍, ദിലിപിന്റെയും പത്മിനിയുടെയും വിവാഹം നിശ്ചയിക്കപ്പെട്ടു. വധൂവരന്മാര്‍ കാത്തിരുന്ന ആ വിവാഹ സുദിനം, ഒപ്പം ഒരു മഹാദുരന്തത്തിനു കൂടി സാക്ഷ്യം വഹിച്ച ആ ഞായറാഴ്ച സമാഗതമായി. വെള്ള കുതിരപ്പുറത്ത് ഒരു പേര്‍ഷ്യന്‍ രാജകുമാരനെപ്പോലെ ദിലിപ്, സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന പത്മിനിക്ക് മുന്‍പില്‍ പ്രത്യക്ഷനായി.
അന്ന് 1984 ഡിസംബര്‍ രണ്ടാം തീയ്യതി. ഫാക്ടറിയുടെ ടാങ്കുകളില്‍ 63 ടണ്‍ മീതൈല്‍ ഐസോ സയനൈറ്റ് (ഐ.എം. സി.) ഉണ്ടായിരുന്നു. ഒരു ജര്‍മന്‍ ശാസ്ത്രജ്ഞന്‍ അതിനെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടു, "ഫാക്ടറിയുടെ മധ്യ ഭാഗത്ത് ഒരു യഥാര്‍ത്ഥ ആറ്റം ബോംബ് ". മാത്രമല്ല അന്ന് മൂന്നു സുരക്ഷാസംവിധാനങ്ങളില്‍ ഒന്ന് പോലും പ്രവര്‍ത്തന നിരതമായിരുന്നില്ല. പെട്ടന്നാണത് സംഭവിച്ചത്. ഐ.എം. സി. നിറച്ചു വെച്ച ഗീസറുകളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. പുഴുങ്ങിയ കാബെജിന്റെ ഗന്ധമുള്ള അതിമാരകമായ ഐ.എം. സി പുറത്തു ചാടി. ഭീകരമായ വാതക ചോര്‍ച്ചയുടെ ആരംഭമായിരുന്നു അത്. അധികാരികള്‍ കാണിച്ച അനാസ്ഥയുടെ ആദ്യഫലം അനുഭവിക്കേണ്ടി വന്നത് ജോലിക്കാരാണ്. അവര്‍ ജീവനും കൊണ്ട് വാതകത്തിനെതിരായി ഓടാന്‍ തുടങ്ങി. ഒരു ചുഴലിക്കാറ്റിനെപ്പോലെ ആ വാതകങ്ങള്‍ കാലി മൈതാനത്തിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അതെ സമയം, കാലി മൈതാനത്ത് ദിലിപിന്റെയും പത്മിനിയുടെയും വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ആ ആഘോഷങ്ങളുടെ ഭാഗമായി, രത്നാ നടാരര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്യാന്‍ റെയില്‍വേ സ്റ്റെഷനിലേക്ക് പോയിരുന്നു. കാലി മൈതാനത്ത് മരണം ആഞ്ഞടിക്കാന്‍ പോവുകയാണെന്ന് മണത്തറിഞ്ഞ, ബല്‍റാം മുക്കടാം ഇങ്ങനെ വിളിച്ചു പറഞ്ഞു; "എല്ലാവരും രക്ഷപ്പെടൂ.....അപകടം". വിവാഹ വിരുന്നുകാര്‍ പരക്കം പായാന്‍ തുടങ്ങി.
ഹൈഡ്രോ സയനെറ്റ് അമ്ലം വഹിച്ചു കൊണ്ടുള്ള വാതകം പാല്‍ക്കാരന്‍ ബബ്ലു ബായിയേയും കുടുംബത്തിനെയും കൊന്നു കളഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത കൂരയില്‍ കിടന്നുറങ്ങുകയായിരുന്ന മിഡ് വൈഫ് പ്രേമ ഭായിയെയും, പേരമകളുടെ വിവാഹം സ്വപ്നം കണ്ടു കിടന്നിരുന്ന പ്രൊദീപിനെയും ശുണ്ഡയെയും അത് കശാപ്പു ചെയ്തു. വരനായ ദിലിപിനെ പുറത്തേറ്റിവന്ന കുതിര പച്ച സ്രവം ചര്‍ദ്ദിച്ചു മരണമടഞ്ഞു. നനഞ്ഞ ടൌവ്വല്‍ മൂക്കില്‍ കെട്ടി ഡോ. സര്‍ക്കാര്‍ ഒരു പാട് പേരെ മരണത്തിന്റെ അഴിയാക്കുരുക്കില്‍ നിന്നും രക്ഷപ്പെടുത്തി. അത് അദ്ദേഹത്തിനു സമ്മാനിച്ച ശ്വാസകോശ സംബന്ധമായ മാരകമായ അസുഖങ്ങള്‍ മൂലം ഇന്നദ്ദേഹം നരകിച്ചു കഴിയുകയാണ്. റെയില്‍വേ സ്റെഷനിലേക്ക് നീങ്ങിയ വിഷച്ചുഴലി അതിനകം രത്ന നാടാരുടെ ശ്വാസത്തെ ഊറ്റിക്കുടിച്ചിരുന്നു. അവിടെ സ്റേഷന്‍ മാസ്റ്റരായിരുന്ന ശര്‍മ ഭോപ്പാല്‍ റെയില്‍വേ സ്റ്റെഷനിലേക്ക് വന്നു കൊണ്ടിരുന്ന തീവണ്ടിയെ സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചു രക്ഷിക്കാനായി ഓടിനടന്നു. ആയിരങ്ങളുടെ ജീവന്‍ രക്ഷിച്ച അദ്ദേഹം ഇന്ന് ഏകദേശം പൂര്‍ണ വൈകല്യമുള്ള ആളായി തീര്‍ന്നിരിക്കുന്നു. ആശുപത്രിയിലെത്തിയ പതിനായിരങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും തങ്ങളുടെ ജീവന്‍ കളയേണ്ടതായി വന്നു. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ വലിയൊരു കുഴിയിലിട്ടു മൂടുമ്പോഴാണ് ഒരാള്‍ വിളിച്ചു പറഞ്ഞത്, " ഇവള്‍ മരിച്ചിട്ടില്ല" എന്ന്. അത് പത്മിനിയായിരുന്നു.
പത്മിനിയെത്തേടിയലഞ്ഞ ദിലിപിനു അവളെ തിരിച്ചു കിട്ടി. ഒടുവില്‍ കൃഷിക്കാരായി തന്നെ കഴിഞ്ഞു കൂടുന്ന അവര്‍ക്ക് ഒരാള്‍ കൃഷിയിടത്തില്‍ തളിക്കാനായി ഒരു പാക്കറ്റ് നല്‍കി. ഒരു പാട് പേരുടെ ജീവന്‍ കവര്‍ന്നെടുത്ത സെവിന്‍ എന്നാ കാര്‍ബൈഡ് കീടനാശിനിയായിരുന്നു അത്!!
ഈ സത്യാന്വേഷണത്തില്‍ എന്റെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തിയ ഒരു കഥാ പാത്രമാണ് സജ് ദാ ബാനോ. കാര്‍ബൈഡ് ഫാക്ടറിയുടെ ആദ്യയിരയായി ത്തീര്‍ന്ന മുഹമ്മദ് അഷ്റഫിന്റെ വിധവ. തന്റെ ഭര്‍ത്താവിന്റെ മരണത്തിനു ശേഷം രണ്ടു വര്‍ഷം കഴിഞ്ഞു തന്റെ രണ്ടു മക്കളോടൊപ്പം ഭോപ്പാല്‍ സന്ദര്‍ശിക്കാന്‍ വരികയായിരുന്നു അവര്‍. ശര്‍മ്മയുടെ അറിയിപ്പ് കേള്‍ക്കാതെ ഭോപ്പാല്‍ സ്റ്റേഷനില്‍ ഇറങ്ങിയ അവരുടെ മൂത്ത പുത്രന്‍ അവിടെ ത്തന്നെ മരിച്ചു വീണു. നിര്‍ഭാഗ്യം മൂലം തന്റെ പാതിജീവനെ ഭോപ്പാല്‍ കാര്‍ബൈഡ് ഫാക്ടറിക്ക് സമര്‍പ്പിച്ച സജ് ദാ ഇന്നും സമൂഹത്തിനു മുന്നില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു.
ഇതുപോലെ ദുരന്തത്തിനു ഇരയായവരില്‍ പലരും സമൂഹത്തില്‍ കാര്‍ബൈഡ് രക്തസാക്ഷികളായി തീര്‍ന്നിരിക്കുകയാണ് ഇന്ന്. ഭോപ്പാല്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്കായി, ഇപ്പോഴും മരിച്ചതിനൊക്കും വിധം ജീവിച്ചിരിക്കുന്നവര്‍ക്കായി സമര്‍പ്പിക്കപ്പെട്ട ഈ കൃതി എന്റെ ഹൃദയത്തെയെന്ന പോലെ ഏതു വായനക്കാരന്റെയും മനസ്സിനെ പിടിച്ചു കുലുക്കും എന്ന് ഉറപ്പാണ്. ഒരുപാട് ജീവിതങ്ങളുടെ സന്തോഷം തല്ലിക്കെടുത്തിയ കാര്‍ബൈഡ് ഫാക്ടറിയെ ഒരു നടുക്കത്തോടെയല്ലാതെ ഈ കൃതിവായിച്ചു കഴിയുമ്പോള്‍ ആര്‍ക്കും ഓര്‍ക്കാന്‍ കഴിയില്ല. മണ്ണും ജലവും വായുവും ഒരുപോലെ മലിനമാക്കിയ ഭോപ്പാല്‍ ദുരന്തം മനുഷ്യ സമൂഹത്തിനു ഒരു മുന്നറിയിപ്പാണ്. മനുഷ്യന്റെ പണത്തോടുള്ള ആര്‍ത്തിയെ, വിവേക ശൂന്യതയെ പഴി പറഞ്ഞിരുന്നാല്‍ മതിയോ നാം?