സ്വയം ധീരയെന്നു പലപ്പോഴും പറഞ്ഞുനടക്കുന്ന, (ആരും വിശ്വസിക്കുകയില്ലെങ്കിലും പബ്ലിസിറ്റി ആവശ്യമാണല്ലോ) സ്വയം വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് "ഈയുള്ളവള്‍ ". എന്നാലോ? വീട്ടിലും
നാട്ടിലും ഒരുപോലെ പേടിത്തൊണ്ടി എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയെതും ഇതേ ഞാന്‍ തന്നെയായിരിക്കും. കാരണം ചില്ലറയാണെന്നോന്നും കരുതരുതേ. പലപ്പോഴും എന്നെ പേടിത്തൊണ്ടി എന്ന് വിളിപ്പിച്ചത് എന്റെ "ജന്തു സ്നേഹം" തന്നെയായിരുന്നു. തവള, പട്ടി, പൂച്ച, പല്ലി....ഇങ്ങനെ പോകും അവ. ചുരുക്കി പറഞ്ഞാല്‍ ഈ അണ്ഡകടാഹത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള സകലമാന ജീവികളെയും ഞാന്‍ ബഹുമാനിക്കുന്നു. (പേടിക്കുന്നു എന്നതാവും കൂടുതല്‍ ഉചിതം).
ഇതില്‍ പലപ്പോഴും എന്റെ മുന്‍പില്‍ വില്ലനായത് എനിക്ക് മുന്നില്‍ മാത്രം "പുപ്പുലിയായ" നമ്മുടെ സ്വന്തം തവള. സംഗതി ആള് പവമാനെങ്കിലും ആ "വലിപ്പവും" ഉണ്ടകണ്ണുകളും എന്നെ പേടിപ്പിച്ചിട്ടുള്ളത് കുറച്ചൊന്നുമല്ല. വീട്ടിലെ സിംഹം പുഴുവായത് അനുജന്റെയും തവളയുടെയും മുന്നില്‍ മാത്രം. തവളയും ഞാനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഡത ഇതിനോടകം മനസ്സിലായല്ലോ! പൊതുവേ തവളപ്പെടി കൊണ്ട് പൊറുതി മുട്ടിയ എന്റെ കാലില്‍ തവള ചാടിയത് രണ്ടേ രണ്ടു പ്രാവശ്യം മാത്രം. (എന്താ പോരെ!) ജീവന്‍ കൈവിട്ടെന്നു കരുതിയ നിമിഷങ്ങള്‍ .... ഒന്ന് തീരെ ചെറുപ്പത്തില്‍ ഡാന്‍സ് ക്ലാസ്സില്‍ വെച്ച് (അന്നത്തെ പൂരം പറയാതിരിക്കുകയാവും ഭേദം. അതിനുശേഷമാണ് ഞാന്‍ ഡാന്‍സ് പഠനം നിര്‍ത്തിയത് എന്നത് മറ്റൊരു വസ്തുത.) പിന്നീടൊന്നു ഈയിടെ...കാരണമാരാ?പതിവുപോലെ ഈ ഞാന്‍ തന്നെ.
സാധാരണ ധീരയെന്നു പുളുവടിക്കലാണല്ലോ പതിവ്. എന്നാല്‍ കഷ്ടകാലത്തിനു സ്വയം ധീരത പരീക്ഷിച്ചു കളയാം എന്ന് കരുതി രാത്രി ഇരുട്ടില്‍ അടുക്കളയിലെക്കൊന്നു പോയി നോക്കി. "വിനാശകാലേ വിപരീത ബുദ്ധി" എന്നാണല്ലോ പഴമൊഴി. പണ്ടുമുതലേ തലതിരിഞ്ഞ ബുദ്ധിയാണെനിക്കെന്നു അമ്മ പറയുന്നതിലെ സത്യം അന്ന് മനസ്സിലായി; ഒരിക്കലും മറക്കാത്ത വിധത്തില്‍ . ആദ്യത്തെ കാലടി വച്ചതെയുള്ളൂ അല്ലെങ്കിലെ പേടികണ്ട് തണുത്തു വിറച്ചിരുന്ന എന്റെ കാലില്‍ ഒരു ഇളം തണുപ്പ്. ഒരു വിറ മേലോട്ട് കയറി. നോക്കുമ്പോഴോ എന്റെ സ്വന്തം "ഫ്രണ്ട്" തന്നെ; തവള!!! പിന്നത്തെ കാര്യം പറയാനുണ്ടോ? തൊണ്ടയിലെ സൈറന്‍ ഉച്ചത്തില്‍ മുഴങ്ങിയത് മാത്രം ഓര്‍മയുണ്ട്. പിന്ന നോക്കിയപ്പോഴോ? ചുറ്റും അമ്മമ്മയും ആദിയും ശ്രീജാന്റിയും. കളിയാക്കല്‍ കൊണ്ട് ഞാന്‍ പുളഞ്ഞു പോയി. ഈ സംഭവം കൊടുങ്കാറ്റിന്റെ വേഗത്തില്‍ നാട്ടില്‍ മൊത്തം പരന്നുവെന്നത് ഞാന്‍ വീണ്ടു വീണ്ടും പറയണ്ടല്ലോ. എന്തായാലും അടുക്കള വിസിറ്റിങ്ങ് കാരണം രണ്ടു ദിവസം തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വന്നു.
ഇങ്ങനെ പോകുന്നു ഞങ്ങളുടെ ബന്ധം. ഇതൊക്കെയെന്ത്? ഇനിയല്ലേ പൂരം. അല്ലെങ്കിലും കാണാന്‍ പോകുന്ന പൂരം പറഞ്ഞരിയിക്കുന്നതെന്തിനാ? ചിലപ്പോള്‍ ഈ സംഭവം പറഞ്ഞു കഴിഞ്ഞാല്‍ ധീരതയ്ക്കുള്ള അവാര്‍ഡ് എന്നെ തേടി വരും. സംഭവബഹുലമായ ആ അദ്ധ്യായം തുടങ്ങിയതിങ്ങനെ. 'കുളിക്കാന്‍ മടി' എന്ന സ്വഭാവ സവിശേഷതയിലും ഞാന്‍ നാട്ടില്‍ ഫേമസായിരുന്നു.(വെള്ളം എനിക്ക് അലെര്‍ജിയാണേ. അത് ദേഹത്ത് കൊള്ളുമ്പോള്‍ തന്നെ എന്തൊരു ചൊറിച്ചിലാ).അല്ലെങ്കിലെ ഇതിനു ഒടുക്കത്തെ തണുപ്പ് . ഇനി മഴക്കാലം കൂടിയാണെങ്കിലോ ഭേഷായി!!! അങ്ങനെ ഒരിക്കല്‍ കഷ്ടകാലത്തിനു എവിടെയോ പോകേണ്ടി വന്നു. ഒരു ഭാഗത്ത് അതിരാവിലെ എഴുന്നേല്‍ക്കേണ്ടി വന്നതിലുള്ള ദേഷ്യം. മറുഭാഗത്ത് വിരസമായ ബസ് യാത്രയോര്‍ത്തുള്ള മടുപ്പ്. അങ്ങനെ ഇരിക്കുമ്പോള്‍ അമ്മയുടെ വക അടുത്ത പ്രശ്നം, ഇപ്പൊ കുളിക്കണമെന്ന്. ഇടിവെട്ടിയവന്റെ കാലില്‍ പാമ്പ് കടിച്ച പോലായി എന്റെ അവസ്ഥ. "അമ്മേ വല്ലാത്ത തലവേദന, ചര്‍ധിക്കാന്‍ മുട്ടുന്നു..." ഇല്ലാത്ത അസുഖങ്ങളുടെ പട്ടിക നിവര്‍ത്തലല്ലാതെ പിന്നെന്തു വഴി. എന്നാല്‍ നമ്മുടെ ഈ ചോട്ടാ ചോട്ടാ നമ്പരുകളുണ്ടോ അമ്മയുടെ അടുത്തു വില പോകുന്നു. ഒടുവില്‍ അമ്മ തനി സ്വരൂപം എടുക്കുന്നതിനു മുമ്പ് കുളിമുറിയില്‍ കയറേണ്ടി വന്നു. ആദ്യം പതിവുവിടാതെ ഒരു 'തവളട്ടെസ്റ്റ് 'ചെയ്തു. (തവളയുണ്ടോയെന്നു നോക്കുന്നതിനു ഈയുള്ളവള്‍ പറയുന്നതങ്ങനെ). അന്ന് കൂടുതല്‍ വിശദമായി തന്നെ നോക്കി. ഒരു ജീവന്‍ പോലുമില്ല. പിന്നീട് അടുത്ത കലാപരിപാടിയിലേക്ക്. ഒരു മിനി 'ഐഡിയ സ്റ്റാര്‍ സിങ്ങര്‍ '(എനിക്ക് മാത്രമേ അങ്ങനെ തോനിയിട്ടുള്ളൂ). എന്റെ സ്വര മാധുര്യം കാരണം ആ സമയം അടുത്ത വീട്ടുകാര്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുകയാണ് പതിവ്. ഏകദേശം ഒരരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കുളിക്കന്നാണ് കയറിയതെന്ന് ഓര്‍ത്തു .(അങ്ങനെയും ചില വൃത്തികെട്ട പരിപാടികള്‍ ഉണ്ടല്ലോ). അപ്പോഴേക്കും എനിക്ക് കൂട്ടിനു എന്റെ 'രാഗം'കേട്ടിട്ടെന്നവന്നം എന്റെ സ്വന്തം കൂട്ടുകാരന്‍ എതുവഴിയെന്നറിയില്ല മുന്നില്‍ ഹാജരായിരുന്നു. ആള്‍ ഒരല്‍പം കൊപത്തിലാണെന്ന് തോന്നി (അത്തരമായിരുന്നില്ലേ എന്റെ പാട്ട്!!) ആ മക്രിയാശാനെ കണ്ടപ്പോള്‍ എന്റെ തൊണ്ട വരണ്ടുപോയി. വൈകാതെ അവനു കൂട്ടെന്ന മട്ടില്‍ അടുത്ത മരമാക്രി.(പാവത്താന്മാരായ തവളകളെ അങ്ങനെ വിളിച്ചതിന് മേനകാഗാന്ധി ക്ഷമിക്കട്ടെ.) പോരെ? എന്റെ സ്പീക്കറുതന്നെ തന്നെ കത്തി പോയി. അതൊന്നു ചാടുമ്പോള്‍ ഞാന്‍ രണ്ടുചാട്ടം പിറകോട്ട്. കള്ളനും പോലീസും പോലെ. അവസാനം ചാടാന്‍ സ്ഥലമില്ലാതായി! പെട്ടെന്ന് ഒരൈഡിയ. ഗതികിടല്‍ പുലി പുല്ലും തിന്നും എന്നമട്ടില്‍ ബക്കറ്റിലേക്ക് എടുത്തൊരു ചാട്ടം വച്ചുകൊടുത്തു (അല്ലാതെ പിന്നെ). എന്റെ സ്വഭാവം മനസ്സിലായെന്ന മട്ടില്‍ തവളകള്‍ രണ്ടും മുന്നൊട്ട്. നമ്മളാര മോള്? അങ്ങനെ വിടുമോ?ഒരറ്റ ബോധം കെടല്‍ തന്നെ.
വീട്ടില്‍ പരിഭ്രാന്തിയായി.സാധാരണ ഒരു മണിക്കൂറാ പതിവ്. എന്നാല്‍ ഇന്ന് മണിക്കൂര്‍ രണ്ടായിരിക്കുന്നു. അമ്മ കതകിനു മുട്ടിവിളിക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനകത്ത് ബോധമില്ലാതെ കിടക്കുന്ന നമ്മള്‍ ഇത് വല്ലതുമറിയുമോ? അമ്മയുടെ ഒച്ചകേട്ട് അച്ഛനും അമ്മമ്മയും ഓടിയെത്തി. അതോടെ ഈയുള്ളവുളുടെ മാതാജി നിലവിളിയും തുടങ്ങി. പിന്നത്തെ പൂരം പറയണോ?ആകെ ബഹളമയം. അയല്‍വീട്ടിലെ ആള്‍ക്കാരൊക്കെ ഓടിക്കൂടി. തവള വരുത്തി വച്ച വിന! പിന്നെന്തുചെയ്യാനാ?കതകു ബലമായി തള്ളിത്തുറന്നു. നോക്കുമ്പോഴോ, കുളിക്കാനുള്ള വലിയ ബക്കറ്റില്‍ ബോധമില്ലാതെ തണുത്തു മരവിച്ചിരിക്കുന്ന ഈയുള്ളവള്‍ . കാര്യമൊക്കെ പിന്നെടെല്ലാവരുമറിഞ്ഞപ്പോള്‍ ചീത്തയുടെ പൊടിപൂരം. കളിയാക്കലുകള്‍ കൂടി വന്നപ്പോള്‍ ഞാനോന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ നല്ല തണുപ്പെന്നും പറഞ്ഞു മൂടിപ്പുതച്ചു ഒരു കിടപ്പങ്ങു കിടന്നു.
എങ്കിലും ഇതിനും എനിക്കെന്റെ പതിവ് കാരണം ഉണ്ടായിരുന്നു, 'അടി തെറ്റിയാല്‍ ആനയും വീഴും' (പഴഞ്ചൊല്ലുകള്‍ക്കു ഇപ്പോഴും എപ്പോഴും സ്തുതി)